തിരുവനന്തപുരം : സിക്ക വൈറസ് സ്ഥീരീകരിക്കപ്പെട്ടവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ്. 17 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. സിക്ക സ്ഥീരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെ ശേഖരിച്ച 17 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്.
തിരുവന്തപുരം നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും പാറശ്ശാലയില്‍ നിന്നുള്ളവരുടെയും സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു. ഇവരുടെ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവായതായാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതേസമയം രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്നും കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക്ക പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകോട് സിക്ക സംശയമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഇത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കൊതുകു നിവാരണമുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.