കൊച്ചി : സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോഗം ചേരുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കല്‍പ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും. ഒരേസമയം വർഗീയ കാര്‍ഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്. അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വർഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സർക്കാർ കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തൽ. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുമ്പോൾ മുതിർന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാൻ ഏതറ്റം വരെയും പോകാൻ തന്നെയാണ് തീരുമാനവും.