മല്ലപ്പള്ളി: പരിസ്ഥിതി ദിനാഘോഷം കൊട്ടിഘോഷിച്ചു നടത്തുന്ന സര്‍ക്കാര്‍ അതിന്റെ സത്തയോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പരിസ്ഥിതിക്ക് വന്‍ വിനാശം വരുത്തുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി. പരിസ്ഥിതി ആഘാത പഠനം, ഹൈഡ്രോളജിക്കല്‍ പഠനം, ജിയോ ടെക്‌നിക്കല്‍ പഠനം എന്നിവ നടന്നുവരുന്നതേയുള്ളൂ വെന്ന് പ്രോഗ്രസ് കാര്‍ഡില്‍ സ്വയം സമ്മതിച്ച സര്‍ക്കാര്‍ ഇതൊന്നുമില്ലാതെയാണ് പദ്ധതിക്ക് മഞ്ഞക്കുറ്റി ഇടാന്‍ വാശിപിടിച്ചതെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ അനുമതിയില്ലാത്ത പദ്ധതിയുടെ പേരില്‍ സ്വകാര്യഭൂമിയില്‍ അനധികൃതമായി കടന്നു കയറിയവരെ പ്രതിരോധിച്ചതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് വരെയും പദ്ധതി ഉപേക്ഷിക്കും വരെയും ശക്തമായ പ്രതിരോധവുമായി ജനകീയ സമിതി മുന്നോട്ടുപോകുമെന്നും പുതുശ്ശേരി പറഞ്ഞു.
പരിസ്ഥിതിക്ക് വന്‍വിനാശം ഉണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന സന്ദേശം ഉയര്‍ത്തി പരിസ്ഥിതി ദിനത്തില്‍ എല്ലാ യൂണിറ്റുകളും സമരമരം നട്ട് പ്രതിഷേധിക്കണമെന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുന്നന്താനം നടക്കലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.ജെ. റെജി, സുരേഷ് സ്രാമ്പിക്കല്‍, കെ. വി. മാത്യു, ടി. എസ്. എബ്രഹാം, ജെയിംസ് കാക്കനാട്ടില്‍, ടി. എം. മാത്യു, റിജോ മാമ്മന്‍, രാധാ എസ്. നായര്‍, ഡി. രാധാമണി, കെ. സുധര്‍മ്മാദേവി, കെ. കെ. ജനാര്‍ദ്ദനന്‍, ജോസ് വടക്കന്‍ പറമ്പില്‍, ജോസി കോശി, ഐപ്പ് പുലിപ്ര, പി. കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.