മൈലപ്രാ : ആത്മാർത്ഥതയും സത്യസന്ധതയും ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ മുഖമുദ്ര ആയിരിക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി രൂപികരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മൈലപ്രായിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉടയാത്ത ഖദറിട്ടാൽ പോരാ അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ട് ചെയ്യാനും, ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായാൽ ഒരു ശക്തിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി എല്ലാവരും ഒന്നിക്കുകയെന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. കെ.പി.സി.സി യുടെ യൂണിറ്റ് എന്ന പുതിയ തീരുമാനം അടിത്തട്ടിൽ പാർട്ടിയെ ശക്തികേന്ദ്രമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നമ്മുടെ പരാജയത്തിൻ്റെ അടിസ്ഥാനകാരണം സംഘടനാപരമായ വീഴ്ചയാണ്. ചെളിക്കുണ്ടിൽ ആയിരുന്ന പിണറായി സർക്കാരിനെതിരെ നാം കൊണ്ടുവന്ന ആരോപണങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിൽ സംഘടനാപരമായ വീഴ്ച ഉണ്ടായി.
മഹാമാരിയെ മറയാക്കി അഴിമതി സാർവത്രികമാക്കിയ സംസ്ഥാന സർക്കാരിനെതിരെ പോരാട്ടം സംഘടിപ്പിക്കുമ്പോൾ കിറ്റും ആനുകൂല്യങ്ങളും നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഒരു കിറ്റിൽ എല്ലാം മറക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് സാധാരണക്കാരുടെ കയ്യിൽ പണമില്ലാത്ത പ്രതിസന്ധി കൊണ്ടെത്തിച്ചു. പ്രതിസന്ധി ഘട്ടത്തിൽ രക്ഷക വേഷംധരിക്കാൻ പിണറായി നടത്തിയ കപട ശ്രമങ്ങളാണ് വിജയം കണ്ടത്. ഇതോടെ കോൺഗ്രസിന് ലെവൽ പ്ലേഗ്രൗണ്ട് നഷ്ടമായി. ഈ മണ്ഡലത്തിൽ തോറ്റാലും മറ്റേ മണ്ഡലത്തിൽ ജയിക്കും എന്നുള്ള ചിന്താഗതികളും , നമ്മൾ കാട്ടിയ അലംഭാവവും പിണറായിയെ അധികാരത്തിൽ എത്തിച്ചു.
ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനായി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ.പി.സി.സി എടുത്തിരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മറ്റി തീരുമാനം പൂർണ്ണതയിൽ എത്തുന്നതോടെ പാർട്ടിയിൽ പ്രവർത്തിക്കാത്ത സ്ഥാനമാനങ്ങളിൽ കടിച്ചുതൂങ്ങി കിടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തും. ഒരു നേതൃത്വനിരയെ വാർത്തെടുക്കാൻ പാർട്ടി നടത്തുന്ന ഈ പരിശ്രമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും നേതാക്കളുടെയും പിന്തുണ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആൻ്റോ ആൻറണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, സി.യു.സി ജില്ല കോ-ഓഡിനേറ്ററൻമാരായ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, സലിം പിചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡൻ്റ് റോയിച്ചൻ എഴിക്കകത്ത്, മൈലപ്രാ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ്, ബൂത്ത് പ്രസിഡൻ്റ് എം.കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് തിരക്ക് ഒഴിവാക്കി പ്രധാനപ്പെട്ടവരെ മാത്രംഉൾക്കൊള്ളിച്ചുകൊണ്ടുള്ള വേദിയാണ് ഉദ്ഘാടനത്തിന് ക്രമീകരിച്ചിരുന്നത്. യു.ഡി.എഫ് ജില്ല കൺവീനർ ഏ.ഷംസുദീൻ. അഡ്വ.കെ.ജയവർമ്മ, ജോർജ് മാമൻ കൊണ്ടൂർ, ബാബുജി ഈശോ, സാമുവൽ കിഴക്കുപുറം, റോബീൻ പീറ്റർ, അഡ്വ.സുനിൽ എസ് ലാൽ, അഡ്വ.സോജി മെഴുവേലി, കെ.ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, ലിജു ജോർജ്ജ്, സുരേഷ് ബാബു, കോന്നി ബ്ലോക്ക് പ്രസിഡൻ്റ് എസ്.സന്തോഷ്കുമാർ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജോയൽ മാത്യു, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ ഗോപി, മഹിള കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ജെസി വർഗ്ഗീസ്, ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ജില്ല റിസോഴ്സ് പേഴ്സൺ ഡോ.അജിത്ത് അയിരൂർ തുടങ്ങിയവർ യൂണിറ്റ് ഭാരവാഹികൾക്ക് പിന്നിലായായുള്ള സദസ്സിലാണ് ഇരുന്നത്.