കൊച്ചി : കോണ്‍വെന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ തന്നെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയില്‍. പോലീസ് സംരക്ഷണം വേണമെന്നാണ് ലൂസിയുടെ ആവശ്യം. തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെന്നും ലൂസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിസ്റ്റര്‍ ലൂസിയെ കോണ്‍വന്റില്‍ നിന്നും പുറത്താക്കാന്‍ വത്തിക്കാന്‍ തീരുമാനം വന്നതോടെയാണ് നീക്കം.
സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും 2019 മെയ് 11നാണ് ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് വത്തിക്കാന്‍ സഭാ കോടതിയെ സിസ്റ്റര്‍ ലൂസി സമീപിച്ചത്. ഈ അപ്പീലാണ് സഭാ കോടതി തള്ളിയത്.