കോന്നി : കേരളത്തിന്റെ ബദൽ നയങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ യു ജനീഷ് കുമാറിന്റെ കലഞ്ഞൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൽ ഡി എഫ് തുടർഭരണം ഉറപ്പാക്കണം. ഇതിനായി നമ്മൾ ജനീഷ് കുമാറിനെ വിജയിപ്പിക്കണം. സാധാരണ നിലയിൽ കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണ മാറ്റം ഉണ്ടാകും. ഇത്തവണ ഭരണതുടർച്ചയുണ്ടാകും. കേരളത്തിൽ ഉണ്ടാകുന്നവെല്ലുവിളികളെ നേരിടാൻ ഇടതുപക്ഷ സർക്കാരിന് മാത്രമേ കഴിയൂ. മുന്നോട്ട് വെച്ച വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയ സർക്കാരാണ് കേരളത്തിലേത്. കേരളമൊഴികെ ഇന്ത്യയിലെ ഒരു സർക്കാരും പറഞ്ഞ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പാക്കിയില്ല. കേരളത്തിന് അത് സാധിച്ചു.
പ്രകൃതി ദുരന്തങ്ങളെ മറികടന്നാണ് കേരളം വികസന നേട്ടങ്ങൾ കൈവരിച്ചത്. കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നതിൽ മടി കാണിച്ചു. ഇതിന് വിദേശ രാജ്യങ്ങൾ തയ്യാറായപ്പോൾ കേന്ദ്രം അത് വേണ്ടന്ന് വെച്ചു. ഈ സാഹചര്യത്തിലും കേരളത്തിലെ സർക്കാർ ഫലപ്രദമായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം റ്റി തുളസീധരൻ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ പി ആർ ഗോപിനാഥൻ, മണ്ഡലം കൺവീനർ പി ജെ അജയകുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എം പി മണിയമ്മ, സി പി എം സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ ഓമല്ലൂർ ശങ്കരൻ, കെ ജി രാമചന്ദ്രൻപിള്ള, പി വി രവികുമാർ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജോൺ, ബേബികുട്ടി തുടങ്ങിയവർ സംസാരിച്ചു.