പത്തനംതിട്ട : തൊണ്ണൂറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമാക്കി എസ്.എൻ. ഡി.പി യോഗം 86-ാം പത്തനംതിട്ട ടൗൺ ശാഖയിലെ അഴൂർ – കൊടുന്തറ പ്രാദേശിക സമിതി. കഴിഞ്ഞ 28 വർഷമായി സമിതി ശിവഗിരി തീർത്ഥാടനം നടത്തിയിരുന്നത് ടൂറിസ്റ്റ് ബസുകളിൽ ആയിരുന്നെങ്കിലും ഇത്തവണ ഒന്ന് മാറ്റി ചിന്തിക്കാമെന്ന കമ്മിറ്റി നിർദ്ദേശം പൊതുയോഗം ഒന്നടങ്കം അംഗീകരിച്ചതോടു കൂടിയാണ് കെ.എസ്.ആർ.ടി.സിയിൽ ശിവഗിരി തീർത്ഥാടനം നടത്തിയത്. ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൽ ബന്ധപ്പെട്ട് സമിതി സെക്രട്ടറി രാജപ്പൻ വൈദ്യൻ കാര്യങ്ങൾ അന്വേഷിക്കുകയും തീർത്ഥാടന യാത്രയിൽ ഉൾപെടുത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു.
തുടർന്ന് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് ബസ് ബുക്ക് ചെയ്തു. ഡിസംബർ 29 വെളുപ്പിനെ 5 ന് സമിതി പ്രസിഡന്റ് ശ്യാമ ശിവൻ, വൈസ്. പ്രസിഡന്റ് ഇ. ബി. പ്രദീപ് കുമാർ, ജോ. സെക്രട്ടറി എം.ടി.ഷാജി, കമ്മിറ്റി അംഗങ്ങളായ എം.ശ്രീനിവാസൻ, ഷീബ വിശ്വം, ദീപ സേതു, വനിതാ സംഘം ജോ. സെക്രട്ടറി ജയ ഷാജി എന്നിവർ നേതൃത്വം നൽകിയ 40 അംഗ സംഘമാണ് ശിവഗിരി തീർത്ഥാടനം നടത്തിയത്. ശിവഗിരി കൂടാതെ ചെമ്പഴന്തി, അരുവിപ്പുറം, പൂവാർ, ചെങ്കൽ ശിവലിംഗക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് സംഘം രാത്രി 12ന് തിരിച്ചെത്തിയത്. കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ ബഡ്ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ഗിരീഷ് കുമാർ, ഡ്രൈവർ അഭിലാഷ് കുമാർ എന്നിവർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കൃത്യമായി എല്ലാ സ്ഥലങ്ങളിലും എത്തിച്ചതു കൊണ്ട് സുരക്ഷിതമായൊരനുഭവമാണ് ഉണ്ടായതെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.