തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐസിയുവില്‍ തുടരും. ശിവശങ്കറിന്റെ രക്തസമ്മര്‍ദ്ദം കൂടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയില്‍ നേരിയ വ്യത്യാസമുണ്ട്. ശനിയാഴ്ച ആന്‍ജിയോഗ്രാം നടത്തും. ആശുപത്രിയിലുണ്ടായിരുന്ന സ്വര്‍ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂര്‍ത്തി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മടങ്ങി. എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയില്‍ നിന്ന് മടങ്ങി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കസ്റ്റംസ് സംഘമാണ് ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹമുള്ളത്. രക്താതി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റാണ്.
സ്വര്‍ണക്കടത്ത് കേസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാനുള്ള നോട്ടീസുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ അഞ്ച് മണിയോടെ ശിവശങ്കറിന്റെ വസതിയിലെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തത്.