കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍. ഫേസ്ബുക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോപണമുന്നയിച്ചത്.
സി.എം. രവീന്ദ്രന്‍റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാന്‍ ആരോപണമുന്നയിക്കുന്നത്. 1980കളില്‍ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രന്‍ പിന്നീട് സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നതങ്ങളിലേക്ക് വളര്‍ന്നുവെന്ന് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വര്‍ഷങ്ങളായി നോക്കിനടത്തുന്ന യജമാനനാണ് രവീന്ദ്രന്‍. രവീന്ദ്രന്‍റെ വിശ്വസ്ത വിനീതവിധേയനായ പ്രജ മാത്രമാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍.
വടകര ഓര്‍ക്കാട്ടേരിയിലെ ഒരു ബന്ധുവാണ് ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്‍റെ ബിനാമി. വടകരയിലെ ജ്വല്ലറി ഷോറൂമില്‍ രവീന്ദ്രന് ഷെയറുണ്ട്. വടകരയിലെ മറ്റൊരു ഇലക്‌ട്രോണിക് സ്ഥാപനത്തിലും ഇവര്‍ക്ക് ഷെയറുണ്ട്. രവീന്ദ്രന്‍റെ ബിനാമിയുടെ പേരില്‍ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ട്. വടകര എടച്ചേരിയിലെ ആമി ടെയ്ലറിങ് ബില്‍ഡിങ് സി.എം. രവീന്ദ്രന്‍റെ ഭാര്യയുടെ പേരിലാണ്. വടകരയിലെ പ്രമുഖ വസ്ത്രക്കടയുടെ കെട്ടിടത്തിലും വന്‍കിട ഹോട്ടലിലും തലശേരി പോലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിലും വടകരയിലെ മാളിലും രവീന്ദ്രന് ഷെയറുണ്ടെന്ന് ഷാജഹാന്‍ ആരോപിക്കുന്നു.
ഊരാളുങ്കല്‍ സൊസൈറ്റിയുമായും രവീന്ദ്രന് ഇടപാടുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാനത്തെ ഒരു മൊബൈല്‍ ഫോണ്‍ നിര്‍മാണ ഏജന്‍സി രവീന്ദ്രന്‍റെ സംഘത്തിന്‍റെ ഉടമസ്ഥതയിലാണെന്നും ഇവയ്ക്കെല്ലാം തെളിവുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കണമെന്നും കെ.എം. ഷാജഹാന്‍ ആവശ്യപ്പെട്ടു.