മുംബൈ : കൊവിഡ് കാലത്ത് രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് ശിവസേന. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം എങ്ങനെ പെരുമാറണം എന്ന് രാഹുല്‍ കാണിച്ചു തന്നുവെന്ന് ശിവസേന പറഞ്ഞു. പ്രധാനമന്ത്രിയുമായി ആശയപരമായ വിയോജിപ്പുകളുണ്ടെങ്കിലും ഇത് അതിനുള്ള സമയമല്ല എന്ന് പറഞ്ഞുകൊണ്ട് കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാന്‍ തുനിഞ്ഞിറങ്ങിയ രാഹുലിന്റെ നടപടിയെ ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന അഭിനന്ദിച്ചത്.
പൊതു താല്‍പര്യത്തിനു വേണ്ടി രാഹുല്‍ നിലകൊണ്ടുവെന്നും രാഷ്ട്രീയ പക്വത കാണിച്ചുവെന്നും രാഹുല്‍ സ്വീകരിച്ച നിലപാടിനെ ചൂണ്ടിക്കാണിച്ച് മുഖപ്രസംഗം അഭിപ്രായപ്പെട്ടു. കൊവിഡ് പ്രാധാന്യത്തെക്കുറിച്ച് തുടക്കം മുതല്‍ തന്നെ രാഹുല്‍ നിരന്തരം സര്‍ക്കാരിന് മാര്‍ഗ രേഖകള്‍ നല്‍കി. കേന്ദ്രസര്‍ക്കാരും ബിജെപിയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ രാഹുല്‍ കൊവിഡിനെ തടയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും ശിവസേന കുറിച്ചു.