ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി. ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ജനാധിപത്യത്തിന്റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി.
‘ബില്ലുകള്‍ ഓര്‍ഡിനന്‍സുകളിലൂടെ അവതരിപ്പിക്കുന്നു. വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ ഇല്ലാതെയും സെലക്ഷന്‍ കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തിന്റെ ഭാഗം കേള്‍ക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകള്‍ പാസാക്കി. നാളെ അവ തൊഴില്‍ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്റെ ക്ഷേത്രം മുതല്‍ ജനാധിപത്യത്തിന്റെ മ്യൂസിയം വരെ?’ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഉള്‍പ്പെടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെ ബി.ജെ പി ഭരണകൂടം ഏകപക്ഷീയമായി പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യസഭയും ലോക്സഭയും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടു. രാജ്യസഭയിലെ കാര്‍ഷിക ബില്ലിനെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എട്ടു എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ലോക്സഭയും ബഹിഷ്കരിച്ചു.