കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കല്ലിടലിനെതിരെ ജനകീയ പ്രതിഷേധം നടന്ന ചങ്ങനാശേരി മാടപ്പള്ളിയില്‍ യു.ഡി.എഫ് സംഘം സന്ദര്‍ശനം നടത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, പി.സി തോമസ്, ജോസഫ് എം. പുതുശേരി, പി.സി വിഷ്ണുനാഥ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
കല്ലിടല്‍ തടയുന്നതിനിടെ അമ്മയെ വലിച്ചിഴച്ച പോലീസിനെ തടയാന്‍ ശ്രമിച്ച കുഞ്ഞിനെ ഷാള്‍ അണിയിച്ച് പ്രതിപക്ഷ നേതാവ് ആദരിച്ചു. പ്രതിപക്ഷ നേതാക്കള്‍ എത്തുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് നടപടിയില്‍ പരിക്കേറ്റവരെ നേതാക്കള്‍ കാണും. കല്ലിടുന്ന മേഖലകളും പ്രതിപക്ഷ സംഘം സന്ദര്‍ശിക്കും. രാവിലെ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷം സമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പറയുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചങ്ങനാശേരിയില്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെ പ്രതിഷേധ പ്രകടനം നടന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഈ ജനകീയ സമരത്തിനുള്ള മുഴുവന്‍ പിന്തുണയും യു.ഡി.എഫ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു നീക്കവും നടക്കില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ ഏതു ക്രൂരതയും നടത്തുന്ന ചില ക്രൂരന്മാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ ഒന്നും പാലിച്ചിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും പോലീസ് വലിച്ചിഴച്ചു. ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പോലീസ് മനപ്പൂര്‍വ്വം നടത്തിയതാണ്.
സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് പ്രായമായ, പാവപ്പെട്ട സ്ത്രീകള്‍ അവരുടെ സങ്കടം പറയുകയായിരുന്നു. അതിനെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്. സ്ഥലമെടുത്ത് പോകുന്നവര്‍ മാത്രമല്ല ഇതിന്റെ ഇരകള്‍. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്. കേരളത്തെ രണ്ടായി തിരിച്ച്, മഴ പെയ്താല്‍ വെള്ളം കെട്ടിനിര്‍ത്തുകയാണ്. ഇത് പണിയാനുള്ള പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്ന് കൊണ്ടുവരുമെന്ന് പോലും സര്‍ക്കാരിനറിയില്ല.
ജപ്പനിലെ ഇന്റര്‍നാഷണല്‍ കമ്പിനിയുമായി ചേര്‍ന്ന് വന്‍ അഴിമതിയ്ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്. ഒരു അനുമതിയോ സര്‍വേയോ പഠനമോ നടത്തുന്നതിനു മുന്‍പ് സ്ഥലം ഏറ്റെടുക്കില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാരാണ് കല്ലിടല്‍ നടത്തുന്നത്. പദ്ധതിയുടെ പേരില്‍ 2 ലക്ഷം കോടി രൂപ ലോണ്‍ എടുക്കാന്‍ വേണ്ടിയുള്ള വന്‍ അഴിമതിയിലേക്കാണ് പോകുന്നത്. രാജ്യം പോലും കണ്ടിട്ടില്ലാത്ത അഴിമതിയാണ് നടക്കാന്‍ പോകുന്നത്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം കാണാതെ സില്‍വര്‍ ലൈന്‍ കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ട.
ചെറുത്തുനിന്ന ചെങ്ങന്നൂരില്‍ നിന്നാണ് നാളെ യു.ഡി.എഫിന്റെ ജനകീയ സദസ്സ് ആരംഭിക്കുന്നത്. ജനങ്ങള്‍ ചെറുത്തുനില്‍ക്കുന്ന എല്ലായിടത്തും യു.ഡി.എഫുമുണ്ടാകും. ഇതില്‍ രാഷ്ട്രീയം കാണുന്നില്ല. കേരളത്തിന്റെ സമര ഇതിഹാസമായി സില്‍വര്‍ ലൈന്‍ പ്രക്ഷോഭം മാറും.- വി.ഡി സതീശന്‍ പറഞ്ഞു. ഒരു അക്രമ സംഭവമോ പൊതുമുതല്‍ നശിപ്പിക്കലോ ഇവിടെ നടന്നിട്ടില്ല. ആ ജനങ്ങളോടാണ് പോലീസ് ക്രൂരത കാട്ടിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.