അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് രണ്ടിരട്ടിയല്ല, ആറിരട്ടി അഭിമാനിക്കാനുള്ള വകയുണ്ട്. യു.എസ്. ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആറ് ഇന്ത്യൻ വംശജരാണ്. ഇക്കൂട്ടത്തിൽ വെർജീനിയയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്. വെർജീനിയ സംസ്ഥാനത്ത് നിന്നും, അമേരിക്കയുടെ കിഴക്കൻതീര സംസ്ഥാനങ്ങളിൽനിന്നു തന്നെയും ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യൻ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്‌മണ്യം വിജയിച്ചത്. ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്‌മണ്യം.
‘കഠിനമായ പോരാട്ടത്തിൽ വെർജീനിയയിലെ പത്താം ജില്ലയിലെ ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചു. ഇത് അഭിമാനകരമായ കാര്യമാണ്. എന്റെ വീട് ഈ ജില്ലയിലാണ്. ഞാൻ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. എന്റെ പെൺമക്കളെ വളർത്തുന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങൾ വ്യക്തിപരമായി എന്റെ കുടുംബത്തിന്റേതുകൂടിയാണ്. ഇവിടുത്തെ ജനങ്ങളെ വാഷിങ്ടണിൽ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്.’ -സുഹാസ് സുബ്രഹ്‌മണ്യം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. ‘സമോസ കോക്കസ്’ എന്നാണ് അമേരിക്കയിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യൻ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയിൽ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയ്പാൽ, ശ്രീ തനേദാർ എന്നിവരാണ് അവർ. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.