അമൃത്സർ : ഓക്സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികളാണ് പഞ്ചാബിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. വെന്റിലേറ്ററുകൾ ഓക്സിജന്റെ അഭാവത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ വാദം മറ്റൊന്നാണ്. പഞ്ചാബ് സർക്കാർ, സർക്കാർ ആശുപത്രികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും തങ്ങൾക്ക് നൽകുന്നില്ലെന്നുമാണ് അവരുടെ ആരോപണം.
അമൃത്സറിലെ നീലകണ്ഠ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗികളാണ് മരിച്ചത്. സഹായം ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രികൾ പൂട്ടിയിടണോ എന്നും ആശുപത്രി അധികൃതർ ചോദിച്ചു. എങ്ങോട്ടേക്കാണ് ഞങ്ങൾ പോകേണ്ടതെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. സുനിൽ ദേവ്ഗൺ ചോദിച്ചു.
മരണങ്ങൾ ഓക്സിജൻ ക്ഷാമം മൂലമാണോയെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ആരെല്ലാം സ്വകാര്യ ആശുപത്രിയെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്ന് ആരോഗ്യ സെകട്ടറി പറഞ്ഞു. ഓക്സിജൻ വിതരണം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് സ്വന്തമായി ഒരു ഗ്രൂപ്പുണ്ട്. അതിനാൽ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.