ആലപ്പുഴ : ആറു വയസുകാരി വേമ്പനാട്ട് കായൽ 7കിലോമീറ്റർ നീന്തിക്കടന്നു. മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായർ ആണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കോതമംഗലം കറുകടം സെൻമേരീസ് ഒന്നാം ക്ലാസ്സ് വിദ്യാർഥിനിയാണ് ആദ്യ. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ കോച്ച് ബിജു തങ്കപ്പൻ അണ് ഈ ചരിത്ര നേട്ടം കുറിക്കാൻ ആദ്യക്ക് പരിശീലനം നൽകിയത്. ചേർത്തല അമ്പലക്കടവിൽ നിന്നും ചേന്നംപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷിന്റെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെയും സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.
വൈക്കം ബീച്ചിൽ നീന്തികയറിയ ആദ്യയെ മുനിസിപ്പൽ ചേർപേഴ്സൺ പ്രീത രാജേഷ് മറ്റു സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ വൻജനാവലി സ്വീകരിക്കാനായി എത്തി. തുടർന്ന് വൈക്കം ബീച്ചിൽ മുൻസിപ്പൽ വൈസ് ചെയർമാൻ പി റ്റി സുബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം വൈക്കം മുനിസിപ്പൽ ചെയ്യർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി എന്‍ പ്രദീപ് കുമാർ സ്വാഗതവും വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് റ്റി എ, വൈക്കം എഎസ്ഐ റഫീക്, ഫയർ ആന്‍ഡ് റെസ്‌ക്യു ഓഫീസർ ഷൈൻ പി, തലയാഴം മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൻ, കറുകടം സെൻമേരിസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നിദ സണ്ണി, കോതമംഗലം നഗരസഭ കൗൺസിലർ പ്രമീള, പ്രോഗ്രാം കോഡിനേറ്റർ \ ഷിഹാബ് കെ സൈനു എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രശസ്ത പിന്നണി ഗായിക സൗമ്യ നിധീഷ് (ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫ്)പങ്കെടുത്തു.