ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു. പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഹൽദോനി ഗ്രാമത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സമീപവാസിയായ ബൽരാജ് എന്നയാൾ കുട്ടിയെ വിളിച്ചുകൊണ്ടുപോകുന്നതിന്റെയും പിന്നീട് കുട്ടിയെ ചാക്കിലാക്കി പാടത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടക്കത്തിൽ ചോദ്യങ്ങളിൽനിന്ന് ഇയാൾ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ബൽരാജിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിൽനിന്ന് 2 കിലോമീറ്റർ അകലെയുള്ള പാടത്തുനിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കുട്ടിയുടെ അമ്മാവന്റെ വീടിനു സമീപമാണ് ബൽരാജ് താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബവുമായും ഇയാൾക്ക് നല്ല പരിചയമുണ്ട്. ബൽരാജ് ലഹരിക്ക് അടിമയാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. മുതിർന്നവർ ജോലിക്കു പോയ സമയത്താണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പെൺകുട്ടി ബൽരാജിനു പിന്നാലെ നടന്നുപോകുന്നതും അയാൾക്കൊപ്പം വീട്ടിലേക്ക് കയറുന്നതിന്റെയും ദൃശ്യം പോലീസിനു ലഭിച്ചു. വൈകിട്ട് 5 മണിയോടെ ഒരു ചാക്കുമായി ബൽരാജ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും നടപടികൾ വിഡിയോയിൽ പകർത്തുമെന്നും സെൻട്രൽ നോയിഡ ഡിസിപി ശൈലേന്ദ്ര സിങ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ മരണകാരണം വ്യക്തമാകൂ.































