കുവൈത്ത് സിറ്റി : കുവൈത്ത് തീരത്ത് ഒഴുകിനടന്ന കപ്പലിലെ ഇന്ത്യക്കാരായ 16 ജീവനക്കാർ ഒടുവിൽ ഇന്ത്യയിലേക്ക് പറന്നു. എംവി ഉല എന്ന കപ്പലിലെ ജീവനക്കാർക്കാണ് അവസാനം നാട്ടിലേക്ക് പോകാൻ അവസരം ലഭിച്ചത്.
കുവൈത്ത് തീരമണയും മുമ്പ്തന്നെ മാസങ്ങളോളം ശമ്പളം ഇല്ലാത്ത അവസ്ഥയിലായിരുന്നു ജീവനക്കാർ. ഒടുവിൽ ഭക്ഷണം പോലും ഇല്ലാത്ത സ്ഥിതിയിലെത്തി. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സഹായത്താലാണ് ഇവർക്ക് ഏറെക്കാലം ഭക്ഷണം ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ ഡൽഹിയിലേക്ക് വിമാനം കയറിയ 16 പേർ. ഒമാനിൽനിന്ന് പുറപ്പെട്ട കപ്പലിൽ 2019 ഒക്ടോബർ മുതൽ ജീവനക്കാർ ദുരിതത്തിലായിരുന്നു. ചികിത്സ ലഭിക്കാൻ പോലും നടപടി ഉണ്ടായില്ല. 2020 ഫെബ്രുവരിയിലാണ് കപ്പൽ ഷുഐബ തുറമുഖത്ത് എത്തുന്നത്.
എന്നാൽ ജീവനക്കാർക്ക് കരയ്ക്കിറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ക്രൂ ചെയ്‌ഞ്ച് എന്നപേരിൽ ചിലർക്ക് കരയിലെത്താൻ സാധിച്ചെങ്കിലും പിന്നീട് അതും ഇല്ലാതായി. 2020 ഓഗസ്റ്റിൽ കപ്പിത്താൻ ഇല്ലെന്ന് പ്രഖ്യാപനം വന്നു. അതോടെ ജീവനക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിലായി. 16 ഇന്ത്യക്കാർ ഉൾപ്പെടെ 19 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ ഉടമസ്ഥരും അതിനുള്ളിലെ വസ്തുക്കളുടെ ഉടമസ്ഥരും തമ്മിലുള്ള നിയമതർക്കമായിരുന്നു പ്രതിസന്ധിക്ക് തുടക്കമിട്ട കാരണം.