രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍തന്നെ മുഖം കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. തണുത്ത വെള്ളത്തിലാണ് ഒട്ടുമിക്കപേരും മുഖം കഴുകുന്നത്. ഇതിനുപകരം ഐസ് വെള്ളമാക്കിയാല്‍ ചര്‍മ്മത്തിന് ഗുണം നല്‍കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റശേഷം ഐസ് വെള്ളത്തില്‍ മുഖം കഴുകുന്നതോ അല്ലെങ്കില്‍ ഐസ് ക്യൂബ്‌സ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതോ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. മുഖത്തെ ക്ഷീണം പെട്ടെന്ന് മാറ്റാനും ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താനും മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്യാനും ഐസ് വെള്ളം സഹായിക്കും. രാവിലെ ഉറക്കമുണരുമ്പോള്‍ മുഖവും കണ്‍തടങ്ങളും ക്ഷീണം മൂലം വീര്‍ത്തിരിക്കാറുണ്ട്. ഐസ് വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ ഇത് പെട്ടെന്ന് മാറിക്കിട്ടും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. ഇത് പതിയെ സുഷിരങ്ങള്‍ അടച്ച് മുഖക്കുരുവിന് കാരണമാകും.
ഐസ് വെള്ളത്തില്‍ മുഖം കഴുകുന്നത് അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മ സുഷിരം തുറക്കാന്‍ സഹായിക്കും. തണുത്ത വെള്ളം ചര്‍മ്മത്തിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മ്മകോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും നല്‍കുന്നു. അവയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നു. കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ കുറയ്ക്കുന്നു. കണ്ണിന് താഴെയുള്ള ഭാഗം തിളക്കമുള്ളതും കൂടുതല്‍ നവോന്മേഷപ്രദവുമാക്കുന്നു. ചര്‍മ്മത്തിലെ വരകളും ചുളിവുകളും തടഞ്ഞ് ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യാനും സഹായിക്കും. ഐസ് ട്രീറ്റ്മെന്റുകള്‍ക്ക് വിവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും, അവ എല്ലാവര്‍ക്കും പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മ്മമോ ചില രോഗാവസ്ഥകളോ ഉള്ളവര്‍ക്ക് അനുയോജ്യമാകണമെന്നില്ല. ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഐസ് കട്ടകളോ തണുത്ത വെള്ളമോ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.