ചര്‍മ്മ സംരക്ഷണം എന്നാല്‍ മുഖത്തെ സംരക്ഷണം മാത്രമാണ് എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതിനാല്‍ തന്നെ പലരും വിണ്ടുകീറിയ കാല്‍പാദങ്ങളെ അവഗണിക്കാറാണ് പതിവ്. ചിലരാകട്ടെ ഇതിനായി നിരവധി പരീക്ഷണങ്ങള്‍ പയറ്റി നോക്കി പരാജയപ്പെട്ട് വിണ്ട് കീറിയ കാല്‍പാദങ്ങളുമായി നടക്കുകയാണ്. ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല കുതികാല്‍ വരണ്ടതും കട്ടിയുള്ളതുമായ ചര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുന്ന വിള്ളലുകള്‍ ചികിത്സിക്കുന്നതിനുള്ള ഒരേയൊരു ഓപ്ഷന്‍. ചിലപ്പോള്‍ കുതികാല്‍ വിള്ളലുകള്‍ വലിയ ആഴത്തില്‍ വന്നേക്കാം. നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ അവയ്ക്ക് രക്തസ്രാവമോ വേദനയോ ഉണ്ടാകാം. അതിനാല്‍ വിണ്ടുകീറിയ കുതികാല്‍ സുഖപ്പെടുത്തുന്നതിന് ആരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ മടിക്കരുത്. പൊതുവെ പ്രചാരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
കുതികാല്‍ പൊട്ടുന്നത് പലപ്പോഴും വരണ്ട ചര്‍മ്മം മൂലമാണ്. അതിനാല്‍ ദിവസവും കുതികാല്‍ നന്നായി മോയ്‌സ്ചറൈസ് ചെയ്യുന്നത് ഇത് ഒഴിവാക്കാന്‍ സഹായിക്കും. ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ കഴുകുക. ഒപ്പം മൃദുവായി മസാജ് ചെയ്യുക. എന്നാല്‍ നിങ്ങളുടെ പാദങ്ങള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ മുക്കിവെക്കുന്നതും നല്ലതല്ല. കാലില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ തടയാന്‍ സഹായിക്കും. വെളിച്ചെണ്ണ പുതിയ ചര്‍മ്മകോശങ്ങളുടെ ദ്രുതഗതിയിലുള്ള രൂപീകരണത്തെ പിന്തുണയ്ക്കുകയും മുറിവ് ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തേന്‍, തൈര്, പഴത്തൊലി, കറ്റാര്‍ വാഴ ജെല്‍ എന്നിവ ഉപയോഗിച്ച് വീട്ടില്‍ തന്നെ കാലിനായി ഒരു മാസ്‌ക് തയ്യാറാക്കാം. ഇത് നിങ്ങളുടെ പാദങ്ങളില്‍ പുരട്ടി 20 മുതല്‍ 30 മിനിറ്റ് വരെ കഴിഞ്ഞ് കഴുകിക്കളയുക. ഈ പ്രകൃതിദത്ത ഘടകങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കും.
നിങ്ങളുടെ കാല്‍പാദങ്ങള്‍ 15 മുതല്‍ 20 മിനിറ്റ് വരെ ചെറുചൂടുള്ള വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അവ പതുക്കെ ഉണക്കുക. പിന്നീട് ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സോക്‌സ് ധരിക്കുക. സോപ്പുകളുടെയും ലോഷനുകളുടെയും നിര്‍മ്മാണത്തില്‍ കോകും ബട്ടര്‍ ഉപയോഗിക്കാറുണ്ട്. കുതികാല്‍ വിണ്ടുകീറുന്നത് തടയാനുള്ള വീട്ടുവൈദ്യങ്ങളില്‍ ഒന്നായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നേരിട്ടോ എണ്ണയില്‍ കലര്‍ത്തിയോ ഉപയോഗിക്കാം. തുടര്‍ന്ന് കോട്ടണ്‍ സോക്‌സുകള്‍ ധരിക്കാം. പാദങ്ങള്‍ പതിവായി മോയ്‌സ്ചറൈസ് ചെയ്യുന്നതിനു പുറമേ വിള്ളലിന് കാരണമായേക്കാവുന്ന നിര്‍ജ്ജീവ കോശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങളുടെ കുതികാല്‍ ഇടയ്ക്കിടെ എക്‌സ്‌ഫോളിയേറ്റ് ചെയ്യണം. എന്നാല്‍ ഇത് അമിതമാക്കരുത്. കാരണം അമിതമായ എക്‌സ്‌ഫോളിയേഷന്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കും.