ഇലക്ട്രിക് കാര്‍ വിപണി ഉണരുമ്പോള്‍ ഇന്ത്യക്കാരും ഇവികളിലേക്ക് മാറി ചിന്തിച്ചു തുടങ്ങി. ഇന്ന് പെട്രോള്‍ കാറുകളുടെ വിലയ്ക്ക് വൈദ്യുത കാറുകള്‍ ലഭിക്കാനും കൂടി തുടങ്ങിയതോടെ ട്രെന്‍ഡിന് തുടക്കവുമായി. അധികവും ആഡംബര വാഹന വിഭാഗത്തിലാണ് ഇറങ്ങുന്നതെങ്കിലും ലൈഫ് ടൈം ഉപയോഗത്തിന് അല്‍പം വിലക്കൂടിയ മോഡലായാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇവിയിലേക്ക് മാറാന്‍ പറ്റിയ സമയമാണിത്. ഏതുതരം ഇലക്ട്രിക് വാഹനങ്ങളും വാങ്ങാന്‍ ഇന്ത്യക്കാര്‍ ഇടിച്ചുകയറുമ്പോള്‍ പ്രമുഖ കമ്പനികളെല്ലാം രാജ്യത്ത് പുത്തന്‍ മോഡലുകള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതരാവുകയാണ്. ഹ്യുണ്ടായിയും കിയയും പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ പടനയിക്കുന്ന പ്രീമിയം ഇവി വിബാഗത്തിലേക്ക് ദേ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയും പയറ്റാന്‍ ഇറങ്ങുകയാണ്. അതും ആഗോളതലത്തിലെ സൂപ്പര്‍സ്റ്റാര്‍ വാഹനവുമായാണ് കമ്പനി വരാനിരിക്കുന്നത്.
ഈ വര്‍ഷം പകുതിയോടെ ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതെല്ലാം സത്യമായി. എന്നാല്‍ പകുതി വരെയൊന്നും കാത്തിരിക്കേണ്ട അതിനു മുമ്പേ ആ ഇലക്ട്രിക് കാറിനെ അങ്ങ് പരിചയപ്പെടുത്തിയേക്കാമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ബ്രാന്‍ഡ്. ഈ 2024 ഫെബ്രുവരി 27-ന് വൈദ്യുത അവതാരത്തെ കമ്പനി വിപണിയിലേക്ക് എത്തിക്കുകയാണ്. മറ്റാരുമല്ല നാമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്യാക് iV എന്ന മോഡലാണ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തുടക്കത്തില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ് ഇറക്കുമതി യൂണിറ്റായാവും എന്യാക് വിണയിലെത്തുക. ഭാരത് ഗ്ലോബല്‍ മൊബിലിറ്റി എക്സ്പോയിലാണ് ഇ-എസ്യുവി ആദ്യമായി സ്‌കോഡ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ വാഹനം പലതവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷിക്കുന്നത് കണ്ടിരുന്നു. 2022 മുതല്‍ വിദേശ രാജ്യങ്ങളില്‍ എത്തിയ ഇവി അവര്‍ക്ക് സുപരിചിതനാണെങ്കിലും ഇന്ത്യയിലേക്ക് എത്താന്‍ ഏകദേശം 2 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നതാണ് സത്യം. സ്‌കോഡയുടെ MEB പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തിയാണ് എന്യാക് പണികഴിപ്പിച്ചിരിക്കുന്നത്.
WLTP സൈക്കിള്‍ അവകാശപ്പെടുന്ന 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 77 kWh ബാറ്ററി പായ്ക്കാണ് സ്‌കോഡ എന്യാക് പ്രീമിയം ഇലക്ട്രിക് എസ്യുവിയുടെ ഹൃദയം. പിന്നില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്യാക് 80 പരമാവധി 200 bhp കരുത്തില്‍ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇതിന് വെറും 8.5 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധിക്കും. അതായത് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആള് പുലിയാണെന്ന് സാരം. വലിപ്പത്തിലേക്ക് നോക്കിയാല്‍ വരാനിരിക്കുന്ന സ്‌കോഡ എന്യാക് ഇവിക്ക് മൊത്തത്തില്‍ 4,648 mm നീളവും 1,877 mm വീതിയും, 1618 mm ഉയരവും 2765 mm വീല്‍ബേസുമാണുള്ളത്. വിശാലവും എന്നാല്‍ ഒതുക്കമുള്ളതുമായ രൂപം ആരേയും ആകര്‍ഷിക്കാന്‍ പ്രാപ്തമാണെന്ന് പറയേണ്ടതില്ലല്ലോ.
സ്‌കോഡയുടെ ഫ്‌ലാഗ്ഷിപ്പ് എസ്യുവിയായ കൊഡിയാക്കിന്റെ രൂപം അവിടിവിടെയായി കാണാനാവുമെങ്കിലും ശരിക്കും വ്യത്യസ്തമായാണ് ഇവി നിര്‍മിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തില്‍ ഇല്‍യുമിനേറ്റഡ് ഗ്രില്‍, സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കോണ്‍ട്രാസ്റ്റ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍, എയ്റോ-പ്രചോദിത അലോയ് വീലുകള്‍ എന്നിങ്ങനെയുള്ള വ്യതിരിക്തമായ കാര്യങ്ങളെല്ലാം എന്യാക്കില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. റാപ്പ്എറൗണ്ട് ടു പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സ്‌കോഡ ലെറ്ററിംഗ്, ടെയില്‍ഗേറ്റില്‍ ഒരു നമ്പര്‍ പ്ലേറ്റ് റീസെസ്, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, സ്രാവ്-ഫിന്‍ ആന്റിന എന്നിവയും അഴക് വര്‍ധിപ്പിക്കുന്നുണ്ട്. ഇന്റീരിയറിലേക്ക് നോക്കിയാല്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഡ്യുവല്‍ ഓള്‍-ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാല്‍ ഇലക്ട്രിക് എസ്യുവി സമ്പന്നമാണ്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഹ്യുണ്ടായി അയോണിക് 5, കിയ EV6 ഇവി പോലുള്ള വമ്പന്‍മാരുമായാവു എന്യാക്കിന്റെ മത്സരം.