സ്‌കോഡ കൈലാഖ് അവതരിപ്പിച്ച് സ്‌കോഡ കമ്പനി. 7.89 ലക്ഷം രൂപയിലാണ് കൈലാഖിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലെ ബുക്കിങ്ങ് ഡിസംബര്‍ രണ്ടാം തിയതി ആരംഭിക്കുമെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. സ്‌കോഡയുടെ പുതിയ ഡിസൈന്‍ ശൈലിയായ മോഡേണ്‍ സോളിഡ് അനുസരിച്ചാണ് കൈലാഖ് നിര്‍മിച്ചിരിക്കുന്നത്. സ്‌കോഡ പ്രാദേശികമായി വികസിപ്പിച്ചിട്ടുള്ള എം.ക്യു.ബി. എ.ഒ. ഇന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ കോംപാക്ട് എസ്.യു.വിയും ഒരുങ്ങിയിരിക്കുന്നത്. ലുക്കില്‍ സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ കുഷാക്കിനോട് ഏറെക്കുറെ സാമ്യമുള്ള വാഹനമാണ് കുഷാഖും. സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വലിയ എയര്‍ഡാം എന്നിവയാണ് മുഖഭാവത്തിലെ അലങ്കാരങ്ങള്‍.
സ്‌പോര്‍ട്ടി ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍. ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ചും ഡോര്‍ ക്ലാഡിങ്ങും, സില്‍വര്‍ ഫിനീഷിങ് റൂഫ് റെയില്‍, റിയര്‍ പ്രൊഫൈല്‍ സ്‌കോഡയുടെ മറ്റ് എസ്.യു.വികളുമായി സമാനതകളോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയറിന്റെ ഡിസൈനില്‍ സ്‌കോഡയുടെ പതിവ് ലാളിത്യം പുലര്‍ത്തിയിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് ഇന്റീരിയറിലുള്ളത്.
സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. ഇത് 115 എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും.