പാലക്കാട് : അട്ടപ്പാടിയില്‍ സ്വകാര്യ ഭൂമിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുള്ളി ചൂണ്ടപ്പെട്ടി ഭാഗത്ത് സജിത്ത് എന്നയാളുടെ സ്ഥലത്താണ് ആനയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ കാട്ടാനയുടെ അസ്ഥിപഞ്ജരം കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു.
വനപാലകര്‍ നടത്തിയ പരിശോധനയില്‍ അസ്ഥികൂടത്തിന് ഒരു വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നു. 30 വയസ് മതിക്കുന്ന പിടിയാനയുടേതാണ് അസ്ഥികൂടം. ഇന്നലെ കോഴിക്കോട് നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സത്യന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മെറ്റല്‍ ഡിറ്റക്ടറും മറ്റും ഉപയോഗിച്ച് പരിശോധന നടത്തി. ഏകദേശം മൂന്ന് സെന്റീ മീറ്റര്‍ നീളമുള്ള തേറ്റയാണുള്ളത്. ഇത് മുള്ളന്‍പന്നി കരണ്ടിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. കാട്ടാന ചരിഞ്ഞതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
അരളിക്കോണം എണ്ണക്കര മലവാരത്തില്‍ നിന്നും മുപ്പത് മീറ്റര്‍ മാറിയാണ് ആനയുടെ അസ്ഥിപഞ്ജരം കണ്ടെത്തിയ സ്വകാര്യ സ്ഥലമുള്ളത്. ആറ് വര്‍ഷത്തോളമായി ഈ സ്ഥലം കാട് മൂടികിടക്കുകയായിരുന്നു. മൂന്നുവശങ്ങളില്‍ മലകളും ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലവുമായതിനാലാണ് ആന ചരിഞ്ഞത് നാളിതു വരെ അറിയാതെ പോകാന്‍ കാരണം. വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. എം.കെ സുര്‍ജിത്ത്, അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.സുമേഷ്, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനു എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാട്ടാന ചരിഞ്ഞതില്‍ അസ്വാഭാവികതയെന്തെങ്കിലും ഉണ്ടൊയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.സുമേഷ് അറിയിച്ചു.