പത്തനംതിട്ട : കോവിഡ് പ്രതിസന്ധി നേരിടാൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും അസംഘടിത വിഭാഗങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുവാന്‍ സഹകരണ മേഖലയെയും അനുവദിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ ആവശ്യപ്പെട്ടു.
റിസർവ്വ് ബാങ്ക് നടത്തുന്ന ലേലത്തിൽ സഹകരണ മേഖലയെകൂടി പങ്കെടുപ്പിക്കണം. സാധാരണക്കാര്‍ക്ക് എന്നും അത്താണിയായി നിലകൊള്ളുന്ന സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുന്ന നടപടി പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, കേരള ബാങ്ക് പ്രസിഡന്റ് എന്നിവർക്ക് നല്‍കിയ നിവേദനത്തിലൂടെ ജെറി ഈശോ ഉമ്മന്‍ ആവശ്യപ്പെട്ടു.
പ്രാഥമിക സഹകരണ ബാങ്കിലൂടെ ഗ്രാമീണ മേഖലയിലെ കർഷകർക്കും വായ്പ ലഭ്യമാക്കണം. ആദ്യം 10000 കോടി രൂപയാണ് ലേലത്തിൽ വെച്ചിട്ടുള്ളത്. 10 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. കേരള ബാങ്കിനെ കൊണ്ട് ലേലത്തിൽ പങ്കെടുപ്പിക്കുന്നതിന് നടപടിയെടുക്കണം. കർഷകരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഗ്രാമീണമേഖലയിൽ കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഒരു പരിധിവരെ കരകയറുന്നതിന് സഹായകരമാകുമെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.