തിരുവനന്തപുരം : സ്കൂൾ തുറന്നിരിക്കെ കുട്ടികൾക്ക് കെണിയായി തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിക്കായി എടുത്തിട്ട കുഴികൾ. സ്കൂൾ ഇന്ന് തുറക്കുന്നത് മുൻകൂട്ടിക്കണ്ട് പണിതീരും മുൻപേ തിരക്കിട്ട് മൂടിയിരിക്കുകയാണ് മിക്കതും. മൂടാത്ത സ്ഥലങ്ങളിലാകട്ടെ ഗതാഗതക്കുരുക്കും അപകട സാധ്യതയുമുണ്ട്. ഒരു വശത്ത് പ്രവേശനോത്സവത്തിനുള്ള ഒരുക്കം. മറുവശത്ത് റോഡിൽ എങ്ങനെയെങ്കിലും കുഴിമൂടാനുള്ള തിടുക്കം. ഇതായിരുന്നു ഇന്നു രാവിലെ വഞ്ചിയൂർ സക്കാർ ഹൈസ്കൂളിനു മുന്നിലെ കാഴ്ച്ച. വഞ്ചിയൂരിൽ തന്നെ ഹോളി ഏഞ്ചൽ സ്കൂളിന് മുന്നിലെത്തിയാൽ ഏറ്റവും പ്രധാനപ്പെട്ട റോഡിൽ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇവിടെ പണി തീർന്നിട്ടുമില്ല, ഇറക്കിയ സാധനങ്ങളൊന്നും മാറ്റിയിട്ടുമില്ല.
തൈക്കാട് മോഡൽ സ്കൂളിന് ചുറ്റുമുള്ള റോഡ് ആകെ പൊളിച്ചിട്ടിരിക്കുകയാണ്. ശിശുക്ഷേമ സമിതിക്ക് മുന്നിലെ സ്ഥിതിയും ഇതുതന്നെ. സ്കൂൾ തുറക്കുന്നത് കണ്ട് തൽക്കാലത്തേക്ക് തട്ടിക്കൂട്ട് മൂടൽ നടത്തിയിട്ടുണ്ട്. പക്ഷെ മഴ പെയ്താൽ വഴിനടക്കാനാവില്ലെന്നുറപ്പ്. ചുരുക്കത്തിൽ പ്രധാന റോഡുകൾ തന്നെ എന്തിന് വേണ്ടി പൊളിച്ചോ ആ ലക്ഷ്യം പോലും നേടാതെ കുട്ടികൾക്ക് തലവേദനയായിക്കിടക്കുകയാണ്.