ഹൈദരാബാദ് : കെജിഎഫ് ചാപ്റ്റര്‍ 2 ചിത്രത്തിലെ നായക കഥാപാത്രമായ റോകിയെ അനുകരിച്ച 15 കാരന്‍ അത്യാസന്ന നിലയിലായി. രണ്ട് ദിവസം കൊണ്ട് സിനിമ മൂന്ന് തവണ കണ്ട കൗമാരക്കാരന്‍ തുടര്‍ചയായി ഒരു പാകറ്റ് സിഗരറ്റ് വലിച്ചു. കടുത്ത തൊണ്ടവേദനയും ചുമയും പിടിപെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൗണ്‍സിലിംഗ് നടത്തിയത് കൂടാതെ കൗമാരക്കാരനെ ചികിത്സിച്ച് ഭേദമാക്കിയെന്ന് ഹൈദരാബാദിലെ സെഞ്ച്വറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
‘റോകി ഭായിയെ പോലെയുള്ള കഥാപാത്രങ്ങള്‍ കൗമാരക്കാരെ എളുപ്പത്തില്‍ സ്വാധീനിക്കുന്നു. തുടര്‍ചയായി ഒരു പാകറ്റ് സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ അസുഖം ബാധിച്ചു. സിനിമകള്‍ നമ്മുടെ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഘടകമാണ്. സിഗരറ്റ് വലിക്കുക, പുകയില ചവയ്ക്കുക, മദ്യം കഴിക്കുക തുടങ്ങിയ പ്രവൃത്തികളെ മഹത്വവല്‍ക്കാതിരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സിനിമാ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമുണ്ട്.’ പള്‍മണോളജിസ്റ്റ് ഡോ. രോഹിത് റെഡ്ഡി പത്തൂരി പറഞ്ഞു.
‘കൗമാരപ്രായക്കാരുടെ രക്ഷിതാക്കള്‍ കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ പ്രവൃത്തികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്താണെന്നും നിരീക്ഷിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ പ്രവൃത്തികളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് പ്രധാനമാണ്, പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല,’ ഡോ.രോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. പുകവലിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിക്കും, ശാരീരിക ക്ഷമത കുറയും, ശ്വാസകോശ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കെജിഎഫ് ടു വലിയ വാണിജ്യ വിജയമായിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂരാണ് ചിത്രം നിര്‍മിച്ചത്. യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അടുത്തഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.