ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി. പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്ന നിരാശരായ രാജവംശമാണെന്നായിരുന്നു പരിഹാസം. മണിപ്പൂരിലെ സ്ഥിതിഗതികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായിട്ടും പ്രധാനമന്ത്രി മോദി മൗനം പാലിച്ചതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കടന്നാക്രമണം. രാഹുലിന്റെ ഈ ട്വീറ്റാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോരിന് വഴിവെച്ചത്.
‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ തേടുന്ന ഒരാള്‍. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന അഭിലാഷത്തെ അട്ടിമറിക്കുന്ന നിരാശരായ രാജവംശം നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്നു. ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട അദ്ദേഹം പ്രതിരോധ കരാറുകള്‍ ഒരു രാജവംശത്തിന്റെയും പടിവാതില്‍ക്കല്‍ എത്താത്തതില്‍ വീര്‍പ്പുമുട്ടുന്നു,” രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.