റാന്നി : മലയോരമേഖലകളിലെ പച്ച മണ്ണ് വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ കടത്തുന്ന മാഫിയ റോഡുകളുടെ തകര്‍ച്ചക്കും ആക്കം കൂട്ടുന്നതായി പരാതി. പന്തളം – ശബരിമല തിരുവാഭരണ പാതയിൽ ഇടക്കുളം പള്ളിക്കമുരുപ്പിനും പേങ്ങാട്ട് കടവിനും മധ്യേയുള്ള റോഡിൽ പച്ചമണ്ണുമായി അമിത ഭാരം കയറ്റി എത്തുന്ന ടോറസ് ലോറികള്‍ റോഡിന് കേടുപാടുകൾ വരുത്തിയെന്നാണ് പരാതി. വീട് നിർമ്മാണത്തിന്റെ മറവിലാണ് നിയമം ലംഘിച്ച് ഭാരം കൂടുതലുള്ള ടോറസുകളിൽ മണ്ണ് കടത്ത് നടത്തുന്നത്. അനുമതി നൽകിയത് ലോറികളിൽ മണ്ണ് നീക്കം ചെയ്യുന്നതിനാണെന്ന് വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ജിയോളജി വകുപ്പ് പാസ് നൽകിയതും അങ്ങനെയാണ്. എന്നാല്‍ അമിത ഭാരം കയറ്റി എത്തുന്ന കൂറ്റന്‍ ടോറസ് ലോറികള്‍ മൂലം ഗ്രാമീണ റോഡുകള്‍ തകർന്ന നിലയിലാണ്.
റീ ബിൽഡ് കേരള പദ്ധതിയിൽ മുഖ്യ മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങി നാലരക്കോടി രൂപ മുടക്കി പുനർ നിർമ്മാണം നടത്തിയ റോഡാണ് ശബരിമല തിരിവാഭരണ പാത. പാതയുടെ ഉദ്ഘാടനം പോലും നടക്കുന്നതിനു മുൻപാണ് ടോറസ് ലോറി കയറ്റി റോഡ് തകർക്കുന്നത്. നാട്ടുകാരുടെ ആവശ്യപ്രകാരം തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല അധികൃതർക്ക് പരാതി നൽകി. തുടര്‍ന്ന് പോലീസ്, റവന്യൂ അധികൃതര്‍ സ്ഥലം സന്ദർശിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒരു കാരണവശാലും തിരുവഭരണ പാതയിൽ അമിത ഭാരം കയറ്റിയുള്ള യാത്ര അനുവദിക്കരുതെന്ന് തിരുവഭരണ പാത സംരക്ഷണ സമതി അധികൃതരോട് ആവശ്യപ്പെട്ടു.