വണ്ടിപ്പെരിയാർ: ഇത്തവണ അത്യാവശ്യം നല്ല വേനൽമഴ കിട്ടിയപ്പോൾ ഏലം കർഷകരുടെ മനംകുളിർത്തിരുന്നു. ഏലച്ചെടികളും നന്നായി പൂത്തു. എന്നാൽ ഒച്ചുകളുടെ വരവ് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചില മേഖലകളിലേ ഇപ്പോൾ ഒച്ചുകളെ കണ്ടിട്ടുള്ളൂ. കൃത്യമായ പ്രതിരോധ മാർഗം സ്വീകരിച്ചില്ലെങ്കിൽ ഇത് വ്യാപിക്കാൻ സാധ്യതയുണ്ട്. ഒച്ചുകൾ ഏലത്തിന്റെ പൂവും കായും തിന്നും. ഇത് വൻതോതിൽ വിളവ് കുറയാൻ കാരണമാകും. കൃഷിവകുപ്പ് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. മേയ് ആദ്യവാരമാണ് ഇത്തവണ കൃഷിയിടത്തിൽ ഒച്ചുകളെ കണ്ട് തുടങ്ങിയത്.
നെടുങ്കണ്ടം, വണ്ടൻമേട്, പുളിയൻമല, ആനവിലാസം, പത്തുമുറി, ചക്കുപള്ളം, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ കർഷകർ ഒച്ച് ശല്യത്തെക്കുറിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്ന് കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ, ശല്യം രൂക്ഷമായിട്ടില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പ്രതിരോധ മാർഗങ്ങളും പറഞ്ഞുകൊടുത്തിരുന്നു. കഴിഞ്ഞവർഷവും ഒച്ചിന്റെ ശല്യം രൂക്ഷമായിരുന്നു. തുടർന്ന് ഏലം ഗവേഷണകേന്ദ്രം വിശദമായ പഠനം നടത്താൻ തീരുമാനിച്ചു. ഇപ്പോൾ പഠനം തുടരുകയാണ്.