ദില്ലി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറി. അഭിഭാഷകന്‍ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.