പത്തനംതിട്ട: എസ്എൻഡിപി യോഗവും യൂണിയനുകളും ശാഖകളും വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകിയാൽ അടുത്ത 10 വർഷം കൊണ്ട് അവർ ലോകത്ത് ഒന്നാമത് എത്തുമെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ശാഖകളിലെ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ വിജയം നേടിയവരെയും അനുമോദിക്കുവാൻ സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മുന്നിൽ ആണെന്നും വിദേശരാജ്യങ്ങളിലേക്ക് മനുഷ്യ വിഭവശേഷി നൽകുന്ന രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി കേരളം ഇന്ന് മാറിയെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ .പത്മകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയന്റെ ശ്രീനാരായണ സഞ്ജീവനം രക്തദാന സേനയുടെ ഉദ്ഘാടനവും വനിതാ സംഘം യൂണിയൻ പ്രസിദ്ധീകരിച്ച പ്രാർത്ഥന പുസ്തകമായ ശ്രീനാരായണ ദേവാമൃതത്തിന്റെ പ്രകാശനവും തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, 86 -ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.സലിംകുമാർ, പി .കെ. പ്രസന്നകുമാർ, പി. വി. രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സി .കെ സജീവ് കുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, കൺവീനർ ആനന്ദ് പി. രാജ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുദീപ് എസ്, സെക്രട്ടറി സുധീഷ് എസ് എന്നിവർ പങ്കെടുത്തു.