ആലപ്പുഴ : എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് ചേര്‍ത്തല യൂണിയന്‍ മുന്‍ ഭാരവാഹിയായ പി.എസ് രാജീവ്. വെള്ളാപ്പള്ളി അഴിമതി നടത്താന്‍ മഹേശനെ ഉപകരണമാക്കുകയായിരുന്നു. മഹേശന്റെ മരണത്തോടെ പ്രതിരോധത്തിലായ വെള്ളാപ്പള്ളി ഇപ്പോള്‍ തന്നെ കച്ചിത്തുരുമ്പാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി.
എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്ട്രേറ്ററായിരിക്കെ അഴിമതി നടത്തിയതിനും സ്‌കൂള്‍ നിയമനത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെയും മഹേശനെതിരെ പരാതി നല്‍കിയിരുന്നു. എസ്.എന്‍.ഡി.പി പ്രവര്‍ത്തകനെന്ന നിലയിലാണ് പരാതി നല്‍കിയത്. അതില്‍ വ്യക്തിപരമായ യാതൊന്നുമുണ്ടായിരുന്നില്ലെന്നും രാജീവ് പറഞ്ഞു. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ മഹേശനെ അപമാനിക്കുകയും കേസില്‍ കുടുങ്ങി അകത്താക്കുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തതാണ് ആത്മഹത്യക്കു കാരണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.