തിരുവനന്തപുരം : കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും വെവ്വേറെ കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കൈകൊര്‍ത്ത് സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുകയാണ്. കേന്ദ്ര നേതൃത്വത്തിന് ഇരുപക്ഷവും വെവ്വേറെ നല്‍കിയ കത്തുകള്‍ സുരേന്ദ്രനെതിരായ കുറ്റപത്രം തന്നെയാണ്. 2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്ത തോല്‍വിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം.
തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ല. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍, കെപി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നതാണ് ശോഭാ സുരേന്ദ്രന്‍ വിഭാഗത്തിന്റെ കത്തിലെ കുറ്റപ്പെടുത്തല്‍.