ചെന്നൈ: പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പിടിയില്‍. ആഡംബരജീവിതം നയിക്കാനായി മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ അനീഷ കുമാരി (33) യാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധര്‍ നഗറിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് യുവതി അകത്ത് കടന്നത്. തുടര്‍ന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും ഇവിടെ നിന്ന് മോഷ്ടിക്കുകയായിരുന്നു.
വീട്ടുടമസ്ഥ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സമീപത്തെ മുപ്പതിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിലെത്തിയ യുവതിയാണ് മോഷണം നടത്തിയതെന്ന് മനസിലായത്. മോഷണം നടത്തിയ വാഹനവും യുവതിയെയും പിന്നീട് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.