ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. അത്തരം കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ നിയമയുദ്ധങ്ങളിലേക്ക് അവ നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധികളും അഭിപ്രായങ്ങളും ചോദ്യംചെയ്യപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്ന ഈ സന്ദര്‍ഭത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
ആരോഗ്യപരമായ ഒരു ജനാധിപത്യത്തിന് സമൂഹമാധ്യമങ്ങളിലെ തുറന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ പാടില്ല. സാധാരണ ഗതിയില്‍ സുപ്രീംകോടതി ഇത്തരം പ്രശ്നങ്ങളില്‍ പ്രതികരിക്കാറില്ല. പരിധികള്‍ ലംഘിക്കുമ്പോള്‍ മാത്രമേ അവയില്‍ ഇടപെടൂ എന്നും വേണുഗോപാല്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനെ നിയമപരമായി നിയന്ത്രിക്കാന്‍ ശ്രമം നടത്തരുതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടൂ.
മറയില്ലാത്ത ജനാധിപത്യവും മറയില്ലാത്ത ചര്‍ച്ചകളും സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമാണ്. സുപ്രീംകോടതി വിധികള്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ക്ക് കോടതിയലക്ഷ്യ കേസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ തനിക്ക് വന്നിട്ടുണ്ടെന്നും അവയില്‍ പതിനൊന്നെണ്ണം അനുവദിച്ചിട്ടുണ്ടെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.
റിപ്പബ്‌ളിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് സ്റ്റാന്റപ് കൊമേഡിയന്‍ രചിത തനേജ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിച്ചതും ഇതില്‍ പെടുന്നു. സുപ്രീംകോടതിയെ വിമര്‍ശിച്ച് മൂന്ന് ട്വീറ്റുകളാണ് രചിത പോസ്റ്റ് ചെയ്തിരുന്നത്.
ഇത്തരത്തില്‍ കോടതിയലക്ഷ്യ കേസുകള്‍ക്ക് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി ആവശ്യമാണ്. അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന് കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴയൊടുക്കാന്‍ സുപ്രീംകോടതി വിധിയുണ്ടായത് ഈയിടെയാണ്. സുപ്രീംകോടതിയും പ്രശാന്ത് ഭൂഷണും തമ്മില്‍ വലിയ നിയമ യുദ്ധമാണ് ഈ കേസില്‍ ഉണ്ടായിരുന്നത്.
എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതില്‍ സുപ്രീം കോടതിക്ക് സന്തോഷമേയുള്ളൂ. കോടതി അലക്ഷ്യമില്ലെങ്കില്‍ സുപ്രീം കോടതി ആവഴിക്ക് പോകില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ കേസുകളില്‍ മാത്രമാണ് സുപ്രീം കോടതി കോടതി കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കുകകയെന്നും അദ്ദേഹം പറഞ്ഞു.