കുമ്പനാട് : കഴിഞ്ഞദിവസം കുമ്പനാട് ജംഗ്ഷനിലെ ഒരു ബേക്കറിയില്‍ നിന്നും സോഡാ-നാരങ്ങാവെള്ളം കുടിച്ച കുടുംബത്തിനുണ്ടായ അനുഭവം ഏറെ ഗൌരവമുള്ളതാണ്. ഗ്ലാസിന്റെ അടിയില്‍ നിറയെ ചെറു പുഴുക്കള്‍ നീന്തിക്കളിക്കുന്നു. കുടിച്ച വെള്ളത്തോടൊപ്പം മനുഷ്യരുടെ വയറ്റിലും എത്തി ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു പുഴുക്കള്‍. ഫുഡ് ആന്‍ഡ് സേഫ്ടി ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍, അവരൊന്നും ഇവിടേയ്ക്ക് വരില്ല സാറേ ……അതൊക്കെ അങ്ങനെയാ സെറ്റപ്പ് – എന്നാണ് സ്ഥാപനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും കൊട്ടാരക്കര സ്വദേശിയായ യുവാവ് പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറിമാറി വിളിച്ച് യുവാവ് പരാതി പറഞ്ഞിട്ടും ആരും പരാതി ഗൌനിച്ചില്ല. മൂന്നു മണിക്കൂറോളം കൈക്കുഞ്ഞുമായി ഈ കുടുംബം അവിടെ നിന്നു. പിന്നീട് തിരികെ പോരുകയായിരുന്നു. എന്നാല്‍ യുവാവ് വെറുതെയിരിക്കുവാന്‍ തയ്യാറായില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെയും കൂടാതെ ടോള്‍ ഫ്രീ നമ്പറിലും തുടരെ വിളിച്ച് പരാതി പറഞ്ഞു. ശല്യം സഹിക്കവയ്യാതായതോടെ ആരോ അവിടെയെത്തി ഒരു നോട്ടീസ് കൊടുത്തു എന്നാണ് അറിഞ്ഞത്. പുഴുക്കള്‍ നീന്തിത്തുടിക്കുന്ന നാരങ്ങാവെള്ളം കുടിച്ച കുടുംബത്തിന്റെ പരാതി ഇതോടെ അവസാനിപ്പിച്ചു തടിയൂരി ഭക്ഷ്യ സുരക്ഷാ വകുപ്പ്.
ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ വ്യാപകമായ ആരോപണങ്ങളാണ് നിലവിലുള്ളത്. ഇവരുടെ പരിശോധനകള്‍ വെറും പ്രഹസനമാണെന്നും സ്ഥാപനങ്ങളെ വെള്ളപൂശാനാണ് ഇവരുടെ നടപടികളെന്നും ആരോപണമുണ്ട്. ഇത് ശരിവെക്കുന്നതാണ് കുമ്പനാട് ബേക്കറിയിലെ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നത്. പരാതി പറഞ്ഞാല്‍ പോലും നടപടിയെടുക്കുവാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ സജീവമായി രംഗത്തിറങ്ങുന്ന ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും വാര്‍ത്തകളുടെ പ്രാധാധ്യം കുറയുന്നതോടെ ഉള്‍ വലിയുന്ന കാഴ്ചയാണ് ഏറെനാളായി കണ്ടുവരുന്നത്.
മത്സ്യത്തില്‍ മായം ഉണ്ടെന്ന വാര്‍ത്തയുടെ പിന്നാലെ വന്‍ സന്നാഹങ്ങളായിരുന്നു ഇക്കൂട്ടര്‍ ഒരുക്കിയത്. തുടരെയുള്ള പരിശോധനകള്‍, മത്സ്യത്തിലെ മായം കണ്ടുപിടിക്കാനുള്ള ഉപകരണങ്ങള്‍, ജനങ്ങള്‍ക്കുതന്നെ പരിശോധിക്കുവാന്‍ ഇന്‍സ്റ്റന്റ് ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങി വന്‍ കോലാഹലമായിരുന്നു കഴിഞ്ഞവര്‍ഷം അരങ്ങേറിയത്. ഇപ്പോള്‍ ഇതൊക്കെ എവിടെപ്പോയി എന്നാണു ജനങ്ങള്‍ അന്വേഷിക്കുന്നത്. മത്സ്യ മാംസാദികള്‍ വില്‍ക്കുന്ന കടകളില്‍ അടുത്ത കാലത്തൊന്നും പരിശോധനകള്‍ നടത്തിയിട്ടില്ല, ഇത് സംബന്ധിച്ച ഒരു വാര്‍ത്തയും ആരും കണ്ടിട്ടില്ല. ഒന്നുകില്‍ ഇവരുടെ നടപടികള്‍ മൂലം മത്സ്യത്തിലെ മായം ചേര്‍ക്കല്‍ പരിപൂര്‍ണ്ണമായി അവസാനിച്ചുവെന്ന് കരുതണം. അല്ലെങ്കില്‍ അടുത്ത ദുരന്തത്തിനോ വാര്‍ത്തക്കോവേണ്ടി കാത്തിരിക്കുകയായിരിക്കും ഉദ്യോഗസ്ഥര്‍. എന്തായാലും അഴിമതിക്കാറ്റ് എവിടെയൊക്കെയോ വീശുന്നുണ്ട്, അതിന്റെ കുളിര്‍മ്മയില്‍ ജനങ്ങളോടുള്ള കടമ മറക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ജനരോഷം തന്നെയാണ്.