തിരുവനന്തപുരം : സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ സമീപിച്ചെന്ന് സരിത എസ് നായര്‍. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് ഇവര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയെന്നുംസരിതഅവകാശപ്പെട്ടു.
നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരം സോളാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതയെ സമീപിച്ചതെന്നാണ് സൂചന.
ഒന്ന് രണ്ട് തവണ ദില്ലിക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും പറയുന്നു. കേസില്‍ നീതി കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന് സരിതാ പറയുന്നുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ക്ക് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കേസ് നിയമ വഴിക്ക് മാത്രം പോകട്ടെ എന്ന് തീരുമാനം എടുത്തത്. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് സരിത പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ , ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളും എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ വിവരങ്ങളും തേടിയെന്നാണ് സരിത പറയുന്നത്.