നെടുങ്കണ്ടം : കോടികള്‍ മുടക്കി ഇടുക്കി രാമക്കല്‍മേട്ടില്‍ സ്ഥാപിച്ച സൗരോര്‍ജ പവര്‍ പ്ലാന്റിലെ സോളാര്‍ പാനലുകള്‍ ശക്തമായ കാറ്റില്‍ നശിച്ചു. അമ്പതിലധികം വരുന്ന പാനലുകള്‍ പറന്നുപോയതായും പ്രദേശവാസികള്‍ പറയുന്നു. അമ്പതോളം പാനലുകളാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോയത്. കുറച്ച് പാനലുകള്‍ വനത്തില്‍നിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാര്‍ പാനലുകള്‍ പറന്നുപോകാന്‍ കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പദ്ധതി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. നെടുങ്കണ്ടത്തിനു സമീപം രാമക്കല്‍മേട് ആമപ്പാറ മലനിരകളിലാണ് പുതിയ പദ്ധതിക്ക് അനര്‍ട്ട് തുടക്കം കുറിച്ചത്. എന്നാല്‍ നിര്‍മാണം ആരംഭിച്ച് അറുപത് ശതമാനം പൂര്‍ത്തിയായതോടെ അധികൃതര്‍ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ടും പിന്നീട് മൂന്ന് മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി. ആരും ശ്രദ്ധിക്കാനില്ലാതായതോടെ ഇവിടം മദ്യപസംഘങ്ങളുടെ പിടിയിലായി. കുറച്ചുമാസം മുന്‍പ് ഇവിടുള്ള സോളാര്‍ പാനലുകളില്‍ ചിലത് കല്ലുകൊണ്ട് ഇടിച്ച് നശിപ്പിക്കപ്പെട്ടിരുന്നു.