തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്തെ കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാന്‍ കെഎസ്‌ഇബി. ഗാര്‍ഹികാവശ്യത്തിന് വൈദ്യുതിക്ക് വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന ‘സൗര’ പുരപ്പുറ സൗരോര്‍ജ പദ്ധതി വഴിയാണിത്. അനെര്‍ട്ടുമായിചേര്‍ന്ന് 40 മെഗാവാട്ട് വൈദ്യുതി അധിക ഉല്‍പ്പാദനമാണ് ലക്ഷ്യം. പുരപ്പുറത്തെ സ്ഥലവും വെയില്‍ ലഭ്യതയും പരിഗണിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. രണ്ടുമുതല്‍ 10 കിലോവാട്ടുവരെ ശേഷിയില്‍ സോളാര്‍ പാനലുകളാണ് സ്ഥാപിക്കുക. മൂന്നു കിലോവാട്ടുവരെ നാല്‍പതും പത്തു കിലോവാട്ടുവരെ ഇരുപത് ശതമാനവും സബ്സിഡിയുണ്ട്. ഇത് കഴിച്ചുള്ള തുക ഗുണഭോക്താവ് നല്‍കണം.
ഒരു കിലോവാട്ട് (നാലു യൂണിറ്റ്) ഉല്‍പ്പാദനത്തിന് 100 ചതുരശ്രയടി സ്ഥലംവേണം. ആവശ്യത്തില്‍ കൂടുതലുള്ള വൈദ്യുതി യൂണിറ്റിന് 3.22 രൂപ നിരക്കില്‍ കെഎസ്‌ഇബി വാങ്ങും. അടുത്തവര്‍ഷം മാര്‍ച്ചിനകം 200 മെഗാവാട്ട് അധിക ഉല്‍പ്പാദനമാണ് ലക്ഷ്യം. കെഎസ്‌ഇബിയും അനെര്‍ട്ടും ചേര്‍ന്ന് 14,000 വീട്ടില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.