റാന്നി: കിസുമത്ത് ഇനി വൈദ്യുതി വെളിച്ചം കൂടുതൽ തെളിയും. കിസുമം കുഴിക്കണ്ടം മലയിലെ വോൾട്ടേജ് ക്ഷാമത്തിന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടതോടെ പ്രതിസന്ധി മാറി. ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎയാണ് കത്ത് മുഖേന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2.13 ലക്ഷം രൂപയുടെ പദ്ധതിക്കാണ് മന്ത്രി അനുമതി നൽകിയത്. ഇവിടുത്തെ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ രൂക്ഷമായ വോൾട്ടേജ് ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. വോൾട്ടേജ് ക്ഷാമം മൂലം ഗൃഹോപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
വൈദ്യുതോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായിരുന്നു. കിസുമത്ത് നിന്നും വലിച്ചിരുന്ന ലൈനിൽ നിരവധി കണക്ഷൻ ഉള്ളതായിരുന്നു വോൾട്ടേജ് ക്ഷാമത്തിന് കാരണം. നെല്ലിമലയിൽ നിന്നുള്ള ലൈൻ ഇവരുടെ സമീപത്തുകൂടി പോകുന്നുണ്ട്. ലൈൻ പ്രയോജനപ്പെടുത്തി അതിൽ നിന്ന് കണക്ഷൻ നൽകി വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എരുമേലി കെഎസ്ഇബി അധികൃതർക്ക് മന്ത്രി നിർദേശം നൽകിയത്. ഇവർ തയ്യാറാക്കിയ എസ്റ്റിമേറ്റിലാണ് 2.13 ലക്ഷം രൂപ ചിലവാകും എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മന്ത്രി അനുമതി നൽകുകയായിരുന്നു.