മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരദമ്പതിമാരാണ് അപര്‍ണ്ണ ദാസും ദീപക് പറമ്പോളും. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടുപേരും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. വളരെ ലളിതമായി നടന്ന ഇവരുടെ വിവാഹം പക്ഷേ ആരധധകരും സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയതാണ്. പൊതുവേ സെലിബ്രിറ്റികള്‍ വിവാഹിതരായാല്‍ പിന്നീട് ചാനലുകളിലെല്ലാം ഇവരുടെ കപ്പിള്‍സ് ഇന്റര്‍വ്യൂകള്‍ വരാറുണ്ട്. എന്നാല്‍ അപർണയും ദീപക്കും അത്തരം കാര്യങ്ങള്‍ക്കൊന്നും വരാറില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ പ്രണയത്തെ കുറിച്ചും വിവാഹശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഒരുമിച്ച് അഭിമുഖങ്ങളില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് അപര്‍ണ്ണ ദാസ്.
‘‘കല്യാണം കഴിഞ്ഞുവെന്നത് വലിയൊരു വിഷയമാക്കി എടുക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങള്‍ അഭിമുഖങ്ങള്‍ കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. വിവാഹമെന്നത് വളരെ ലൈറ്റായിട്ടുള്ള ഒരു വിഷയമായിരിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം അതൊരു ഓവർ ബേർഡനായോ ജീവിതത്തിലെ വലിയൊരു മാറ്റമായി തോന്നരുത് എന്ന ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ പബ്ലിസിറ്റി കൊടുക്കാതിരുന്നത്. കല്യാണം പോലും വളരെ ക്വയറ്റായിട്ട് ചെയ്യാനാണ് വിചാരിച്ചിരുന്നത്. പക്ഷേ ഞങ്ങളുടെ ഇൻവിറ്റേഷൻ കാർഡ് ആരോ എടുത്ത് സ്റ്റോറിയിട്ടു. ആരാണ് സ്റ്റോറിയിട്ടതെന്ന് അറിയില്ല. അങ്ങനെയാണ് ഈ വിവാഹം വലിയൊരു സംഭവമായി മാറിയത്. വിളിക്കാത്തവരും പരിചയമില്ലാത്തവരുമെല്ലാം കല്യാണത്തിന് വന്നിരുന്നു.
നാല് വർഷത്തോളം നീണ്ട പ്രണയമായിരുന്നു ഞങ്ങളുടേത്. എന്നെപ്പോലെ എപ്പോഴും ആക്ടീവായിട്ടുള്ള ആളല്ല ദീപക്കേട്ടൻ. മനോഹരത്തിന്റെ സെറ്റില്‍ ദീപക്കേട്ടനെ കണ്ടപ്പോള്‍ എന്തൊരു ജാഡയുള്ള മനുഷ്യനാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. കാരണം ഹോട്ടലിന്റെ അടുത്ത് കിടക്കുന്ന കാറിന് അടുത്തേക്ക് നടക്കാൻ കഴിയാതെ വെയില്‍ കൊള്ളാൻ വയ്യ കാർ അടുത്തേക്ക് കൊണ്ട് വരൂവെന്ന് ദീപക്കേട്ടൻ പറയുന്നത് ഞാൻ കേട്ടു. ബേസില്‍ ചേട്ടനോടോ മറ്റോവാണ് ദീപക്കേട്ടൻ അങ്ങനെ പറഞ്ഞത്. അവരുടെ കോണ്‍വർസേഷനില്‍ അതൊരു തമാശയാണ്. പക്ഷേ എനിക്കത് അന്ന് മനസിലായില്ല. ഈ സിനിമാ നടന്മാരൊക്കെ ഇങ്ങനെയാണോ… ഇത്രപോലും വെയില്‍ കൊള്ളാൻ വയ്യേ… എന്തൊരു അഹങ്കാരിയാണെന്നൊക്കെ ഞാൻ അതുകേട്ട് വിചാരിച്ചു. വിവാഹം ചെയ്യാൻ താല്‍പര്യമുണ്ടെന്ന് ദീപക്കേട്ടൻ പറഞ്ഞപ്പോള്‍ തന്നെ ഞാൻ വീട്ടില്‍ പോയി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തെ അറേഞ്ച്ഡ് മാരേജെന്നും വിശേഷിപ്പിക്കാം. വലിയ ഡ്രാമയൊന്നും ഇല്ലായിരുന്നു വീട്ടില്‍. പോയി പറഞ്ഞ് വൈകാതെ തന്നെ അവരുടെ ഗ്രീൻ സിഗ്‌നല്‍ കിട്ടി. ദീപക്കേട്ടൻ കുറച്ച് ഷോർട്ട് ടെംപേർഡാണ്. പക്ഷേ വളരെ ജെനുവിനാണ്. ആർഭാടമോ കാണിച്ച് കൂട്ടലുകളോയില്ല. ഞാൻ പൈങ്കിളി ലെവലിലുള്ള കാമുകിയായിരുന്നു. തുടക്കത്തില്‍ അതിന്റെ പേരില്‍ പരിഭവവും അടിയുമുണ്ടായിരുന്നു. പിന്നെ ആളെ മനസിലായപ്പോള്‍ അത് മാറി. ഞങ്ങള്‍ തമ്മില്‍ ഏഴ് വയസോളം പ്രായ വ്യത്യാസമുണ്ട്. അപർണ ദാസ് പാലക്കാട് സ്വദേശിനിയാണ്. ദീപക്ക് കണ്ണൂർ സ്വദേശിയും. ഇരുവരും മലയാള സിനിമയിലെ യുവതാരനിരയില്‍ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളാണ്.