ബംഗളൂരു: ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയുടെ ഡെലിവറി ബോയ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുവതിക്കെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. മോഡലായ ഹിതേഷ് ചന്ദ്രാനിക്കെതിരേയാണ് കേസെടുത്തത്.
സൊമാറ്റോ ജീവനക്കാരനായ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിതേഷ് ചന്ദ്രാനിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെയ്ക്കല്‍, അധിക്ഷേപം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിതേഷിനെതിരേ കേസെടുത്തിരിക്കുന്നത്.
ഭക്ഷണം വൈകിയത് ചോദിച്ചതിന് സൊമാറ്റോ ജീവനക്കാരന്‍ തന്നെ ആക്രമിച്ചു എന്നുകാണിച്ച് ഹിതേഷ് മാര്‍ച്ച് ഒന്‍പതിന് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് വൈറലായതോടെ സംഭവം വിവാദമായി. തുടര്‍ന്ന് പ്രതിസ്ഥാനത്തുണ്ടായിരുന്ന കാമരാജ് വിശദീകരണവുമായി രംഗത്തെത്തി.
കരഞ്ഞുകൊണ്ട് കാമരാജ് നല്‍കിയ വിശദീകരണവും വൈറലായി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി കെട്ടിച്ചമച്ചതാണെന്നും കാമരാജ് നിരപരാധിയാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് പരാതിക്കാരിക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. സൊമാറ്റോയും കാമരാജിന് പിന്തുണ നല്‍കിയിരുന്നു.