കോട്ടയം : വൈക്കം ഉദയനാപുരം വൈകപ്രയാറില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മകന്‍ അമ്മയെ ചെളിയില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. കൊച്ചു കണിയാന്തറ വീട്ടില്‍ 68കാരിയായ മന്ദാകിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മഴുവില്‍ സുരേന്ദ്രന്റെ ഭാര്യയാണ്. സംഭവത്തില്‍ 43കാരനായ ബൈജുവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ അമ്മയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും സമീപത്തുള്ള തോട്ടിലെ ചെളിയില്‍ ഏറെനേരം മുക്കിപിടിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മന്ദാകിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പല ദിവസങ്ങളിലും ബൈജു മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.