ന്യൂഡല്‍ഹി : ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. മയക്കുമരുന്ന് കടത്തുകാരായ ദത്തപ്രസാദ് ഗാവോങ്കര്‍, രാമ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. പ്രതികളെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഫോഗട്ട് പങ്കെടുത്ത പാര്‍ട്ടിയില്‍ മയക്കുമരുന്ന് നല്‍കിയ സുഹൃത്ത് സുധീര്‍ സാഗ്വാന്‍, ഇയാളുടെ സഹായി സുഖ്വേന്ദര്‍ സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
സുധീര്‍ നല്‍കിയ മയക്കുമരുന്നാണ് മരണ കാരണമെന്നും പ്രതി സമ്മതിച്ചു. കുര്‍ലീസ് ഹോട്ടലിലെ വിശ്രമ മുറിയില്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നില്‍ മെറ്റാംഫെറ്റാമൈനും ഉള്‍പ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോഗോട്ടും പ്രതികളും താമസിച്ചിരുന്ന അഞ്ജുനയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ലിയോണി റിസോര്‍ട്ടിലെ റൂം ബോയ് ദത്തപ്രസാദ് ഗാവോങ്കറാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിഞ്ഞു.
കുര്‍ലീസ് ഹോട്ടല്‍ ഉടമ എഡ്വിന്‍ നൂണ്‍സ്, മയക്കുമരുന്ന് വ്യാപാരി ദത്തപ്രസാദ് ഗോങ്കര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗാവോങ്കറിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 27-ന് ഗോവയിലെ നോര്‍ത്ത് ആശുപത്രിയില്‍ വെച്ചാണ് ഫോഗട്ട് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കെതിരെയുള്ള യുവതിയുടെ സഹോദന്‍റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരിക്കുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കുന്നതിന്‍റെയും അവശനിലയില്‍ നടക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ പിടിയിലായത്.