ദില്ലി : കോവിഡ് ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ആണ് മുഖ്യമായും കൊറോണ വൈറസ് അടങ്ങിയ കണികകള്‍ മറ്റുള്ളവരിലേക്ക് പടരുന്നത്. വായ്ക്കുള്ളിലെ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന വൈറസിന്റെ തോത് രോഗവ്യാപനത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നതും ഇതിനാലാണ്. ഉമിനീരിലെ കൊറോണ വൈറസ് തോത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഇത് രോഗവ്യാപനം കുറയ്ക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാകും.
ഇതിന് സഹായകമായ ഒരു ച്യൂയിങ് ഗം കണ്ടെത്തിയിരിക്കുകയാണ് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകര്‍. സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗിച്ചാണ് കൊറോണ വൈറസിനെ കുരുക്കാന്‍ കഴിയുന്ന ച്യൂയിങ് ഗം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. ഉമിനീരില്‍ വെച്ചുതന്നെ വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ച്യൂയിങ് ഗമ്മിന് സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹെന്‍ റി ഡാനിയല്‍ അവകാശപ്പെടുന്നു.
കോവിഡ് മഹാമാരിക്ക് മുന്‍പ് രക്താതിസമ്മര്‍ദ ചികിത്സയുടെ പശ്ചാത്തലത്തില്‍ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം2(എസിഇ2) പ്രോട്ടീനുകളെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡാനിയല്‍. ച്യൂയിങ് ഗം പരീക്ഷിക്കുന്നതിനായി സസ്യങ്ങളില്‍ എസിഇ2 വളര്‍ത്തിയ ഗവേഷക സംഘം മറ്റൊരു സംയുക്തവുമായി ഇതിനെ ബന്ധിപ്പിച്ചു. ഇത്തരത്തില്‍ നിര്‍മിച്ച സസ്യോത്പന്നമാണ് കറുവാപട്ടയുടെ രുചിയുള്ള ച്യൂയിങ് ഗം ആക്കി മാറ്റിയത്. കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച ഉമിനീര്‍ സാംപിളുകളില്‍ എസിഇ2 ഗം പരീക്ഷിച്ചു. ഗമ്മുമായി ബന്ധപ്പെട്ട ശേഷം ഉമിനീര്‍ സാംപിളിലെ വൈറല്‍ ആര്‍എന്‍എ തോത് വലിയ തോതില്‍ കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി.
കോശങ്ങളിലെ എസിഇ2 റിസപ്റ്റര്‍ കോശങ്ങളെ തടഞ്ഞോ വൈറസിന്റെ സ്‌പൈക് പ്രോട്ടീനുമായി നേരിട്ട് ബന്ധിപ്പിച്ചോ ആണ് ച്യൂയിങ് ഗം വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നത്. മനുഷ്യരില്‍ ഈ ഗം പരീക്ഷിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുകയാണ് ഗവേഷക സംഘം. മോളിക്യുലര്‍ തെറാപ്പി ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.