പുണെ : 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനുകള്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടു. വകഭേദം വന്ന വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ 90 ശതമാനം ആളുകള്‍ക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദമാണ് സ്ഥിരീകരിച്ചിട്ടുളളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിമാഫ്രിക്ക പറയുന്നത്.
വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കണമെങ്കില്‍ 50ശതമാനമെങ്കിലും ഫലപ്രാപ്തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നയം. ഇതേതുടര്‍ന്നാണ് ഫെബ്രുവരി ഏഴിന് ആദ്യമയച്ച കോവിഷീല്‍ഡ് വാക്‌സിനുകള്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പിറകേ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് മുന്നോട്ടുവരാനുളള സാധ്യത തളളിക്കളയാനാവില്ല. കോവിഷീല്‍ഡ് വാക്‌സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുളളതാണെന്നും വ്യക്തമാക്കിക്കൊണ്ട് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.