തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ. തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈൻഡ്ഡ്’ ഒരു ഹൊറർ സസ്പെൻസ് ത്രില്ലറാണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി. ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ‘ഗൃഹനാഥൻ’ സിനിമയിലെ അനിത എന്ന വേഷമാണ് ഇതിനു തൊട്ടുമുൻപായി സോണിയ മലയാളത്തിൽ അവതരിപ്പിച്ചത്.