മംഗളൂരു: വേനൽ അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ചില ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16604) ഈമാസം 25ന് ഒരു സ്ലീപ്പർ കോച്ച് കൂടി ലഭിക്കുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. വ്യാഴാഴ്ച മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ മാവേലി എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16603) ഒരു സ്ലീപ്പർ കോച്ച് കൂടി ലഭിക്കും. തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16629) 24, 25 തീയതികളിൽ ഒരു സ്ലീപ്പർ കോച്ച് അധികമായുണ്ടാകും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16630) വ്യാഴാഴ്ച ഒരു അധിക സ്ലീപ്പർ കോച്ച് നൽകും. തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16343) വ്യാഴാഴ്ച ഒരു സ്ലീപ്പർ കോച്ച് കൂടി ലഭിക്കും. മധുര ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന മധുര ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ് പ്രസ്സിൽ (ട്രെയിൻ നമ്പർ 16344) 24, 25 തീയതികളിൽ ഒരു സ്ലീപ്പർ കോച്ച് കൂടി ലഭ്യമാക്കുമെന്ന് റെയിൽവേ അറിയിച്ചു.