ബെർലിൻ: യൂറോ കിരീടത്തിൽ സ്പെയിനിന്റെ നാലാം മുത്തം. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്പ്യൻമാരായത്. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോൾ പാൽമർ ഇംഗ്ലണ്ടിനായി ഒരു ഗോൾ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയാണിത്. ഇത്തവണത്തെ യൂറോയിൽ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. ആദ്യപകുതിയിൽ ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയിൽ ആധിപത്യം സ്പെയിനായിരുന്നു. 70 ശതമാനമാണ് ഇടവേളയ്ക്ക് പിരിയുമ്പോൾ സ്പെയിനിന്റെ ബാൾ പൊസഷൻ. പാസിംഗിലും മുന്നിട്ടു നിന്ന അവർ 6 കോർണറുകളും നേടിയെടുത്തു. പ്രതിരോധത്തിലും ഒപ്പം കൗണ്ടർ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ.
തുടക്കം മുതലേ സ്പെയിൻ കളിയുടെ കടിഞ്ഞാൺ കൈക്കലാക്കി. 5-ാം മിനിട്ടിൽ സ്പെയിന് അനുകൂലമായി ആദ്യകോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടർന്നും സ്പാനിഷ് ടീം ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ മെനഞ്ഞു. ഇടതുവിംഗിൽ നിക്കോ വില്യംസായിരുന്നു മുന്നേറ്റങ്ങളുടെ പ്രധാന സൂത്രധാരൻ.ആദ്യ 15 മിനിട്ടിൽ 80 ശതമാനമായിരുന്നു സ്പെയിനിന്റെ ബാൾ പൊസഷൻ. 15-ാം മിനിട്ടിലാണ് ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നൊരു മികച്ച നീക്കം കാണുന്നത്. സാക്കയും കെയ്ൽ വാക്കറും ചേർന്ന് നടത്തിയ ആ മുന്നേറ്റം കോർണറിൽ അവസാനിച്ചു.