മാഡ്രിഡ്: പതിറ്റാണ്ടുകൾക്കിടെ രാജ്യം നേരിട്ട ഏറ്റവും മാരകമായ പ്രളയത്തിനു പിന്നാലെ ശമ്പളത്തോടെയുള്ള ‘കാലാവസ്ഥാ അവധി’ക്ക് അംഗീകാരം നൽകി സ്പെയ്നിലെ ഇടതുപക്ഷ സർക്കാർ. രാജ്യത്തെ നടുക്കിയ പ്രളയത്തിൽ 224 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ മോശമായ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ തൊഴിലാളികൾക്ക് നാലു ദിവസം വരെയുള്ള അവധിക്ക് അനുമതി നൽകിയത്. കാലാവസ്ഥ അടിയന്തരാവസ്ഥക്ക് അനുസൃതമായി നിയന്ത്രണങ്ങൾ കൈകൊള്ളുക എന്നതാണ് ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ ഒരു തൊഴിലാളിയും അപകടത്തെ നേരിടരുതെന്ന് തൊഴിൽ മന്ത്രി യോലാൻഡ ഡയസ് ദേശീയ മാധ്യമമായ ആർ.ടി.വി.ഇയോട് പറഞ്ഞു. അധികൃതർ അപകടസാധ്യതയെക്കുറിച്ച് അലാറം ഉയർത്തുകയാണെങ്കിൽ തൊഴിലാളി ജോലിക്ക് പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഡയസ് കൂട്ടിച്ചേർത്തു.
ദേശീയ കാലാവസ്ഥാ ഏജൻസി നൽകിയ റെഡ് അലർട്ട് അവഗണിച്ച് ജീവനക്കാരെ ജോലിയിൽ തുടരാൻ ഉത്തരവിട്ടതിന് ഒക്ടോബർ 29 ലെ ദുരന്തത്തിനുശേഷം നിരവധി കമ്പനികൾ വിമർശനത്തിന് വിധേയരായിരുന്നു. എന്നാൽ, തങ്ങളെ വേണ്ട രീതിയിൽ അറിയിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും ടെലിഫോൺ അലർട്ടുകൾ വളരെ വൈകിയാണ് അയച്ചതെന്നും സ്ഥാപനങ്ങൾ പറയുന്നു. വലതുപക്ഷത്ത് നിന്നുള്ള കാലാവസ്ഥാ നിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് സർക്കാർ ഹരിത നയങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നും കനഡയിലെ സമാനമായ നിയമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ നിയമനിർമാണമെന്നും ആർ.ടി.വി.ഇ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തെ പ്രളയബാധിതർക്ക് 2300കോടി യൂറോയുടെ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.