ചെന്നൈ : അന്തരിച്ച പ്രമുഖ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ണ്ണ ബഹുമതികളോടെ ഇന്ന് രാവിലെ 10.30 മണിക്ക് നടക്കും. ഇന്നലെ ഉച്ചയ്ക്ക് 1.04 ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെെന്നെ നഗരത്തിനു പുറത്തുള്ള റെഡ്ഹില്‍സിലുള്ള എസ്.പി.ബിയുടെ ഫാംഹൗസിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10.30ന് സംസ്‌കരിക്കും. എസ്.പി.ബിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ പൊതുരംഗത്തും സിനിമാവേദിയിലുമായി അനേകം പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. 16 ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ അനശ്വരഗാനങ്ങള്‍ നല്‍കിയ വിഖ്യാത ഗായകനായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ അനേകര്‍ ഇന്നും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ഇന്നലെ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ അനേകം ആരാധകരാണ് തടിച്ചു കൂടിയത്. എസ്പിബിയുടെ നിര്യാണത്തില്‍ കര്‍ണാടക നിയമസഭയും അനുശോചനം രേഖപ്പെടുത്തി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ കന്നഡികനായി ജനിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന മന്ത്രിമാര്‍ അനുസ്മരിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നടി, ഹിന്ദി അടക്കം പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട് എസ്.പി.ബി. നാലു പതിറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സംഗീതപ്രേമികളെ സന്തോഷിപ്പിച്ചു.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഹരികഥാ കാലക്ഷേപ കലാകാരനായ സാമ്പമൂര്‍ത്തിയുടെയും ശകുന്താളാമ്മയുടേയും മകനായി 1946ല്‍ ആണ് ശ്രീപാദി പാണ്ഡിതാരാതുല്യ ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. എന്‍ജിനീയറാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഒരു വിഷയത്തിലെ തോല്‍വി സിനിമയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എസ്.പി.ബി. അവസാനമായി മലയാളത്തില്‍ പാടിയത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത് യേശുദാസായിരുന്നു. അതോടൊപ്പം മലയാളത്തില്‍ അവസാന ഗാനങ്ങളിലൊന്ന് കോവിഡിനെതിരെയുള്ളതായിരുന്നു എന്നതും യാദൃശ്ചികം മാത്രമാണ്. കോവിഡിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണത്തിനായി റഫീഖ് അഹമ്മദ് രചിച്ച ഗാനമായിരുന്നു അത്.